June 18, 2018
Breaking News

കോടീശ്വരിയായ യുവതിയെ ചെന്നൈ അഗതി മന്ദിരത്തിൽ കണ്ടെത്തി

കോട്ടയത്തെ കോടീശ്വരിയായ സ്ത്രീ ആരോരുമില്ലാതെ ചെന്നൈയിലെ അഗതി മന്ദിരത്തിൽ കഴിയുന്നു. തിരുനക്കരയിൽ കോടികളുടെ വിലയുള്ള ഭൂസ്വത്തുള്ള മാഗി എന്ന സ്ത്രീയാണ് ഒറ്റപ്പെട്ട് കഴിയുന്നത്. കോട്ടയം തൂമ്പിൽ കുടുംബാംഗം പരേതനായ മാത്തന്റെ മകൾ മാഗിയാണ് ചെന്നൈ അയനാവരത്തുള്ള അൻപകം അഗതി മന്ദിരത്തിൽ കഴിയുന്നത്. വഴിയരികിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഇവരെ പൊലീസാണ് അഗതി മന്ദിരത്തിലെത്തിച്ചത്.

എന്നാൽ മനോവൈകല്യമുള്ള ഇവർക്ക് തന്റെ വീട്ടുകാരെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ കഴിയുന്നുമില്ല. താംബരത്ത് വാടകവീട്ടിൽ ഭർത്താവുമൊന്നിച്ച് കഴിയുകയായിരുന്നെന്നും സുവിശേഷകനായ ഭർത്താവ് കഴിഞ്ഞ സെപ്റ്റംബറിൽ മരിച്ചതോടെ മറ്റ് മാർഗമില്ലാതെ തെരുവിലേക്ക് ഇറങ്ങുകയായിരുന്നുവെന്നുമാണ് പറയുന്നത്. എന്നാൽ ഭർത്താവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചാൽ അറിയില്ലെന്നും പറയും.

മാഗിയുടെ സഹോദരൻ മനോജ് ചെന്നൈയിൽ തന്നെ ഉണ്ടെങ്കിലും ഇയാൾ മരിച്ചു എന്നാണ് ഇവർ പറയുന്നത്. എന്നാൽ സഹോദരിയെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇയാൾ തയ്യാറാകുന്നുമില്ല. അൻപകം സ്ഥാപക ട്രസ്റ്റി മുഹമ്മദ് റാഫി നടത്തിയ അന്വേഷണത്തിനൊടുവിൽ കോട്ടയത്തുള്ള ബന്ധു ബേബി ഈപ്പനാണ് ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞത്.

മാഗിയുടെ പിതാവ മാത്തൻ വ്യോമസേനയിലായിരുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും ജോലി ചെയ്ത ശേഷം ഇയാൾ ചെന്നൈയിൽ സ്ഥിരതാമസമാക്കി. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ള മാഗിയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും പറയുന്നു. എന്നാൽ ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

മാഗിക്കും കുടുംബത്തിനും കൂടി കോട്ടയം തിരുനക്കരയിലുള്ളത് ഒന്നരക്കോടിയുടെ സ്വത്താണ്. 15 ലക്ഷത്തോളം വിലവരുന്ന 20 സെന്റ് സ്ഥലമാണ് കോട്ടയം ടൗണിനു നടുവില്ലുള്ളതെന്നാണ് കോട്ടയത്ത് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. അതേസമയം കോട്ടയത്തുള്ള സ്വത്ത് മാതാപിതാക്കൾ സഹോദരന്റെ പേരിൽ എഴുതിനൽകിയെന്നും മാഗി പറയുന്നുണ്ട്. എന്നാൽ, മുമ്പ് മനോജ് ഈ സ്ഥലം വില്ക്കാൻ ശ്രമിച്ചെങ്കിലും മാഗിക്കുകൂടി അവകാശപ്പെട്ടതായതിനാൽ വിൽപ്പന നടന്നില്ലെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!