June 18, 2018
Breaking News

രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ചു.. പിന്നെ കെവിന്റെ ചിത്രത്തിനു മുന്നില്‍ ഇത്തിരിനേരം; ഇച്ഛ പകർന്ന് നൽകിയ ജീവിത ലക്ഷ്യം ജീവിതത്തിൽ സാക്ഷത്കരിക്കാൻ കണ്ണീരിന്റെ ആഴക്കടലിൽ നിന്നും നീനു വീണ്ടും ജീവിതത്തിലേക്ക്…

സങ്കടങ്ങളെ തോല്‍പ്പിച്ച് നീനു വീണ്ടും ജീവിതത്തിലേക്ക്. കെവിന്‍കൊലപാതകം നടന്ന് 17 ാം ദിവസമായിരുന്നു ഇന്ന്. രാവിലെ കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ മാന്നാനത്തെ കോളേജിലേക്ക് അവളെ കോണ്ടുപോയത്. രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ചു, പിന്നെ കെവിന്റെ ചിത്രത്തിനു മുന്നില്‍ ഇത്തിരിനേരം. കോളേജിലേക്കു പൊയ്ക്കോട്ടെ എന്നൊന്നും അവനോട് ചോദിക്കാനുണ്ടായിരുന്നില്ല. കാരണം പഠിക്കാനും സ്വന്തം കാലില്‍നിന്ന ശേഷം കല്യാണം കഴിക്കാം എന്നുമൊക്കെയുള്ള സ്വപ്നം അവള്‍ക്കു നല്‍കിയതു തന്നെ കെവിനായിരുന്നല്ലോ.

ആത്മാക്കള്‍ക്കു കാണാന്‍കഴിയുമെങ്കില്‍, നിറഞ്ഞ സന്തോഷത്തോടെ അവന്‍ തന്റെ യാത്ര കാണുന്നുണ്ടെന്ന് നീനു. കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സ് ധരിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ മേരി പൊതിച്ചോറുമായെത്തി. അതു വാങ്ങുമ്പോഴും എന്തിനെന്നറിയാതെ ഒന്നു വിതുമ്പി. അച്ഛന്റെ ബൈക്കിനു പിന്നില്‍ കയറി ആദ്യമായി പുറംലോകത്തേക്ക്.. കെവിന്റെ മരണം കഴിഞ്ഞ ശേഷം ആദ്യമായാണ് നീനു പുറം ലോകത്തേക്കു ഇറങ്ങുന്നത്.

ആദ്യത്തെ യാത്ര കോട്ടയം ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലേക്കായിരുന്നു. ഇതിനു മുന്‍പ് അവള്‍ ഈ പൊലിസ് സ്റ്റേഷനില്‍ ചെന്നത് അവള്‍ മറന്നിട്ടില്ല. കരഞ്ഞുവീര്‍ത്ത കണ്ണുകളോടെ, അപമാനിതയായിനിന്നത്, കെവിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് തന്റെ മുന്നില്‍വച്ച് അപമാനിച്ചത്, കെവിനെ കാണാനില്ലെന്ന് വാവിട്ടുകരഞ്ഞത്.. എല്ലാം ഈ സറ്റേഷനില്‍വച്ചായിരുന്നു. പക്ഷേ ഇത്തവണ പഴയ നീനുവായിരുന്നില്ല. തല ഉയര്‍ത്തിപ്പിടിച്ച്, കെവിന്റെ അച്ഛനൊപ്പം ,ജോസഫിന്റെ മകളായിട്ട്.

വീണ്ടും കോളേജില്‍ പോകാന്‍ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ എന്ന് കോട്ടയം എസ് പി യോടു ജോസഫ് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗാന്ധിനഗര്‍ പോലിസ് സ്റ്റേഷനില്‍ ചെന്ന് കോളേജില്‍ പോകുന്നത് അറിയിച്ചത്.പിന്നെ മാന്നാനത്തേക്ക്.. നീനു എത്തുന്നത് ക്ലാസിലെ കൂട്ടുകാരികള്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. അവരുടെ വിളികളാണ് അവളെ വീണ്ടും കാമ്പസ്സിലേക്ക് നയിച്ചതും..

ജോസഫ് നീനുവുമായി നേരെപോയി പ്രിന്‍സിപ്പലിനെ കണ്ടു. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. പഠനം തുടരാന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തു. ഒപ്പമുണ്ടെന്ന ധൈര്യപ്പെടുത്തല്‍..പിന്നെ കൂട്ടുകാരികള്‍ക്കു നടുവിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ നടന്നുചെന്നു. മുറിവുകള്‍ മറക്കാന്‍ എല്ലാവരും പറയുമ്പോഴും ഓര്‍മകളില്‍ അവള്‍ പിടഞ്ഞു. ജോസഫും മേരിയും കെവിന്റെ സഹോദരി കൃപയും അവള്‍ക്കു താങ്ങായി. പഠിക്കാനും ജീവിതത്തെ നേരിടാനും അവരാണ് കരുത്തു പകര്‍ന്നത്. ഇനി സിവില്‍സര്‍വീസ് കോച്ചിംഗ് പുനരാരംഭിക്കണം.

നീനു ക്ലാസ് റൂമിലേക്കു കയറിപ്പോകുന്നത് ജോസഫ് ഇത്തിരിനേരം നോക്കിനിന്നു. കെവിന്റെ ജീവനറ്റ ശരീരംകണ്ട്, തന്നെ കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞുതളര്‍ന്ന പെണ്‍കുട്ടി ഒരു ഫീനിക്സ് പക്ഷിയായി, നഷ്ടങ്ങളുടെ ചാമ്പലില്‍നിന്ന് പറന്നുയരുന്ന കാഴച..

അവള്‍ പഠിക്കട്ടെ, ഇനി ഒരുപാടു ജീവിക്കാനുള്ളതല്ലേ..അതിനു വേണ്ടത് ഞങ്ങളാല്‍ ആവുന്നത് ചെയ്തുകൊടുക്കും.”’ജോസഫിന്റെ ഉറച്ച വാക്കുകള്‍”

കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഇന്നേ ദിവസം തന്നെ. നീനുവിന്റെ തുടര്‍പഠനത്തിന് ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്‌.

കടപ്പാട് : മാതൃഭൂമി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!